ഐ.എസ് വിരുദ്ധ പ്രവാചക പാഠങ്ങള്‍

ഐ.എസ് വിരുദ്ധ പ്രവാചക പാഠങ്ങള്‍

 

ഇതൊന്ന് സങ്കല്‍പ്പിച്ചു നോക്കുക. ഒരു മുസ്‌ലിം നേതാവ് ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ അടുത്തേക്ക് ചെന്ന് അവരെ അദ്ദേഹത്തിന്റെ രാജ്യത്തേക്ക് ക്ഷണിക്കുന്നു. ക്രിസ്ത്യാനികള്‍ സന്തോഷപൂര്‍വ്വം ക്ഷണം സ്വീകരിക്കുന്നു. അവരുടെ ആഗമനത്തോടനുബന്ധിച്ച് മുസ്‌ലിം നേതാവ് തന്റെ ജനതയെ തയ്യാറാക്കി നിര്‍ത്തുന്നു. ഇതാദ്യമായാണ് രണ്ട് സമുദായങ്ങള്‍ തമ്മില്‍ ഔദ്യോഗികമായി കണ്ടുമുട്ടുന്നത്. രാഷ്ട്രകാര്യങ്ങള്‍, രാഷ്ട്രീയം, മതം എന്നിവയാണ് ചര്‍ച്ചാ വിഷയങ്ങള്‍. ഒട്ടുമിക്ക വിഷയങ്ങളിലുമുള്ള രണ്ട് കൂട്ടരുടെയും അഭിപ്രായങ്ങളും, മതവിഷയങ്ങളിലുള്ള അവരുടെ വിയോജിപ്പുകളും അവര്‍ തുറന്ന് പ്രകടിപ്പിച്ചു. ആ സംഗമത്തെ കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു പദമുണ്ടെങ്കില്‍ അത്, ‘പരസ്പര ബഹുമാനം’ ആണ്.

ചര്‍ച്ചയുടെ അവസാനം, ‘ഞങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമയമായിരിക്കുന്നു’ എന്ന് ക്രിസ്ത്യാനികള്‍ മുസ്‌ലിംകളോട് പറഞ്ഞു. ക്രിസ്ത്യാനികളുടെ മുന്നിലുണ്ടായിരുന്ന ഒരു പ്രശ്‌നമെന്തായിരുന്നുവെന്നാല്‍, സമീപത്തൊന്നും തന്നെ ഒരു ചര്‍ച്ച് ഉണ്ടായിരുന്നില്ല. അവരെ തെരുവില്‍ നിന്ന് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കാതെ മുസ്‌ലിം നേതാവ് ക്രിസ്ത്യാനികളോടായി പറഞ്ഞു, ‘നിങ്ങള്‍ ഒരു യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കുന്നവരാണ്, അതുകൊണ്ട് നിങ്ങള്‍ക്ക് എന്റെ മസ്ജിദില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാം, ദയവുചെയ്ത് കടന്ന് വരൂ. നമ്മളെല്ലാം മാനവ സഹോദരങ്ങളാണ്.’ ആ ‘ഇസ്‌ലാമിക ഇടം’ പ്രാര്‍ത്ഥനക്കായി ഉപയോഗപ്പെടുത്താന്‍ ക്രിസ്ത്യാനികള്‍ സമ്മതിച്ചു. അങ്ങനെ സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും പേരില്‍ ആ രണ്ട് മതസമുദായങ്ങള്‍ക്കിടയില്‍ ഒരു പാലം നിര്‍മിക്കപ്പെട്ടു.

ഒരു കെട്ടുകഥയല്ല ഈ കഥ. ഇതൊരു ചരിത്ര വസ്തുതയാണ്. പ്രവാചകന്‍ മുഹമ്മദ്(സ) ആണ് ഈ കഥയിലെ മുസ്‌ലിം നേതാവ്. ഇന്നത്തെ യമന്‍ അഥവാ അന്നത്തെ നജ്‌റാനില്‍ നിന്നുള്ളവരായിരുന്നു ആ ക്രിസ്ത്യാനികള്‍. എ.ഡി 631-ല്‍ മദീനയില്‍ വെച്ച് നടന്ന സംഭവമാണത്. മുസ്‌ലിം-ക്രിസ്ത്യന്‍ സംവാദത്തിന്റെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഇത്, ഇസ്‌ലാമിക ചരിത്രത്തിലെ മതബഹുസ്വരതയുടെ പ്രകടനങ്ങളില്‍ ഒന്നാണ്.

ഇനി നമുക്ക് 2016-ലെ സിറിയയിലെ ഡമസ്‌കസിലേക്ക് വരാം. ഈ നഗരമാകെ ഇരുള്‍മൂടി കിടക്കുകയാണ്. ഇതുതന്നെയാണ് മൊത്തം മിഡിലീസ്റ്റിന്റെ അവസ്ഥ. സ്വയം പ്രഖ്യാപിത ഇസ്‌ലാമിക് സ്റ്റേറ്റ് ആയുധധാരികളില്‍ നിന്ന് ജീവന് ഭീഷണിയുള്ളപ്പോള്‍ തന്നെയാണ് പാസ്റ്റര്‍ എഡ്വേര്‍ഡ് അവാബ്ദെ ചര്‍ച്ചില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ആ രാജ്യത്തു നിന്നും തന്റെ മതത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും രക്ഷപ്പെട്ടോടിയെങ്കിലും, പാസ്റ്റര്‍ അവാബ്ദെ തന്റെ ക്രിസ്തീയ വിശ്വാസം മുറുകെ പിടിച്ച് അവിടെ തന്നെയുണ്ട്.

തങ്ങള്‍ പിടിച്ചെടുത്ത സിറിയന്‍ ഭൂപ്രദേശങ്ങളില്‍ താമസിക്കുന്ന മതന്യൂനപക്ഷങ്ങളെ ഐ.എസ് സായുധ സംഘം നിരന്തര പീഢനങ്ങള്‍ക്ക് വിധേയരാക്കി കൊണ്ടിരിക്കുകയാണ്. മിഡിലീസ്റ്റില്‍ നിന്നും ക്രിസ്തുമതത്തെ പാടെ ഇല്ലാതാക്കുകയാണ് അവരുടെ ആത്യന്തികലക്ഷ്യം.

പക്ഷെ, ദിനംപ്രതി ഐ.എസ് മതതീവ്രവാദികള്‍ മിഡിലീസ്റ്റിലെ ദുര്‍ബലരായ ക്രിസ്തുമതവിശ്വാസികള്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങള്‍, തലയറുക്കല്‍ എന്നിവ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ഇസ്‌ലാമിക രാഷ്ട്ര സങ്കല്‍പ്പത്തിന് നേര്‍വിപരീതമാണെന്ന് തുറന്ന് പറയാതെ വയ്യ.

തന്റെ കാലത്തെ ക്രിസ്തുമത വിശ്വാസികളുമായി പ്രവാചകന്‍ മുഹമ്മദ്(സ)ഉണ്ടാക്കിയിരുന്ന കരാറുകള്‍, മുസ്‌ലിം ഉമ്മത്തിനോടൊപ്പം ജീവിക്കുന്ന ക്രിസ്ത്യാനികള്‍ എല്ലാവിധത്തിലും സംരക്ഷിക്കപ്പെട്ടിരുന്നു, പരിപാലിക്കപ്പെട്ടിരുന്നു എന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. എ.ഡി 622-632 കാലയളവില്‍ എഴുതപ്പെട്ട പ്രസ്തുത കരാറുകള്‍. സമാധാനകാംക്ഷികളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു, അല്ലാതെ അവരെ ആക്രമിക്കാനുള്ളതായിരുന്നില്ല.

ലോകത്തുടനീളമുള്ള വിവിധ ക്രിസ്ത്യന്‍ മഠങ്ങളില്‍ നിന്നും അത്തരം ധാരണാപത്രങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. The Covenants of the Prophet Muhammad with the Christians of His Time (Angelico Press 2013)-ന്റെ രചിയതാവും, ഇസ്‌ലാമിക പണ്ഡിതനുമായ ജോണ്‍ ആന്‍ഡ്ര്യൂ മൊറോവിനാണ് പ്രസ്തുത രേഖകള്‍ വിവര്‍ത്തനം ചെയ്യാനും, ലോകത്തുടനീളം അവ എത്തിക്കാനുമുള്ള ചുമതല.

‘നജ്‌റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാറില്‍’ പരിപൂര്‍ണ്ണമായ മതസ്വാതന്ത്ര്യം എന്ന വിഷയത്തില്‍ പ്രവാചകന്‍ ഊന്നല്‍ നല്‍കിയിരുന്നു. ക്രിസ്ത്യാനികളെ രണ്ടാം തരം പൗരന്‍മാരായി അദ്ദേഹം തരംതാഴ്ത്തിയിരുന്നില്ല. നേരെമറിച്ച്, ഇസ്‌ലാമിക് സ്‌റ്റേറ്റിലെ മറ്റു പൗരന്‍മാരുടെ അതേ പദവി തന്നെയാണ് അദ്ദേഹം ക്രിസ്ത്യാനികള്‍ക്ക് നല്‍കിയത്.

മുഹമ്മദ്(സ) എഴുതുന്നു: ‘എന്റെ കുതിരപ്പടയാളികള്‍, കാലാള്‍പ്പട, എന്റെ സൈന്യങ്ങള്‍, എന്റെ എല്ലാവിഭവങ്ങളും, എന്റെ മുസ്‌ലിം സഹോദരങ്ങള്‍ എന്നിവരെല്ലാം തന്നെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കും, അവരിനി എത്ര ദൂരെയാണെങ്കിലും ശരി. അവരെ സംരക്ഷിക്കുന്ന കാര്യം ഞാന്‍ സ്വയമേറ്റെടുത്തിരിക്കുന്നു. അതുപോലെ തന്നെ അവരുടെ ചര്‍ച്ചുകള്‍, ചാപ്പലുകള്‍, അവരുടെ പ്രഭാഷണങ്ങള്‍, മഠങ്ങള്‍, അവരുടെ സന്ന്യാസിമാരുടെ വാസസ്ഥലങ്ങള്‍ എന്നിവ എവിടെയായിരുന്നാലും ശരി അവയ്ക്ക് നാം സംരക്ഷണം നല്‍കും. അവരുടെ മതത്തെയും ചര്‍ച്ചിനെയും ഞാന്‍ സംരക്ഷിക്കും. എല്ലാവിധത്തിലുള്ള ഉപദ്രവങ്ങളില്‍ നിന്നും അവര്‍ക്ക് സുരക്ഷ പ്രദാനം ചെയ്യാന്‍ ഞാന്‍ സ്വയം ബാധ്യസ്ഥനാണ്. എന്നെയും അവരെയും ലക്ഷ്യമിടുന്ന എല്ലാ ശത്രുക്കളെയും എന്റെ രാഷ്ട്രവും അനുയായികളും ചേര്‍ന്ന് നേരിടുക തന്നെ ചെയ്യും.’

പ്രവാചകന്‍ മുഹമ്മദ്(സ)യുടെ നിലപാട് വളരെ വ്യക്തമാണ് – മുസ്‌ലിം ഉമ്മത്തിനിടയില്‍ ജീവിക്കുമ്പോഴും, ക്രിസ്ത്യാനികള്‍ക്ക് ക്രിസ്ത്യാനികള്‍ തന്നെയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിരുന്നു. ഏതൊരു ‘ഇസ്‌ലാമിക രാഷ്ട്രത്തിന്റെ’യും അവിഭാജ്യഘടകങ്ങളില്‍ ഒന്നാണത്. ഈജിപ്ത്, പേര്‍ഷ്യ, ജറൂസലേം എന്നിവിടങ്ങളില്‍ ജീവിച്ചിരുന്ന ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാറുകളില്‍ സമാനമായ ഖണ്ഡികകള്‍ കാണാവുന്നതാണ്.

കേവലം ക്രിസ്ത്യാനികളെ പിന്തുണക്കുന്നതിനെയും, അവരോട് സഹിഷ്ണുത കാണിക്കുന്നതിനെയും കുറിച്ചല്ല ‘നജ്‌റാനിലെ ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാര്‍’ പറയുന്നത്. ക്രിസ്ത്യാനികളെ എല്ലാവിധത്തിലും സംരക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യേണ്ടത് മുസ്‌ലിംകളുടെ ധാര്‍മിക ബാധ്യതയാണെന്നായിരുന്നു പ്രവാചക കല്‍പന.

പ്രവാചകന്‍ മുഹമ്മദ്(സ) കരാറുകളിലൂടെപ്രയോഗവല്‍ക്കരിച്ച മതബഹുസ്വരതയുടെ തത്വങ്ങള്‍ക്ക്, ‘ഇസ്‌ലാമിക രാഷ്ടങ്ങളിലെ’ മാത്രമല്ല, ലോകത്തുടനീളമുള്ള മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാന്‍ സാധിക്കും, സാധിക്കേണ്ടതുണ്ട്.

കേലവ മതസഹിഷ്ണുതയേക്കാള്‍ ഉപരി മതബഹുസ്വരതക്ക് പ്രവാചകന്‍ മുഹമ്മദ്(സ) നല്‍കിയിരുന്ന പ്രാധാന്യമാണ് കരാറുകള്‍ വെളിപ്പെടുത്തുന്നത്. സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങളോട് വളരെ ഊര്‍ജ്ജ്വസ്വലമായി ഇടപഴകണമെന്ന് പ്രവാചകന്‍ മുസ്‌ലിംകളെ ഓര്‍മപ്പെടുത്തി. വൈരുദ്ധ്യങ്ങളെ മാറ്റിവെച്ച് വൈവിധ്യങ്ങളെ വാരിപ്പൂണരാന്‍ അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ആത്യന്തികമായി, വൈരുദ്ധ്യങ്ങളെ ആക്ഷേപിക്കുന്നതിന് പകരം, ആഘോഷിക്കാനാണ് പ്രവാചകന്‍ തന്റെ ഉമ്മത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നതെന്ന് പ്രസ്തുത ധാരണാപത്രങ്ങള്‍ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്.

ആധുനിക ‘ഇസ്‌ലാമിക് സ്റ്റേറ്റുകള്‍’ ക്രിസ്ത്യാനികളോട് കാണിക്കുന്ന ക്രൂരതകളെ പ്രവാചകന്‍ മുഹമ്മദിന്റെ(സ) അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ് തന്റെ കാലത്തെ ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഉണ്ടാക്കിയ കരാറുകള്‍ നമുക്ക് വ്യക്തമാക്കി തരുന്നത്. പ്രവാചകന്‍ മുഹമ്മദിന്റെ(സ)കാഴ്ച്ചപ്പാടുകളെ ഐ.എസ്സിന്റെ പ്രവര്‍ത്തനങ്ങളുമായി യാതൊരു വിധേനയും ബന്ധപ്പെടുത്താന്‍ കഴിയില്ല.

മിഡിലീസ്റ്റിന്റെ സാമൂഹിക ചട്ടകൂടിന്റെ ഒരുഭാഗമാണ് ക്രിസ്ത്യന്‍ പാരമ്പര്യം. ക്രിസ്ത്യാനികളോടുള്ള പ്രവാചകന്‍ മുഹമ്മദിന്റെ(സ) സമീപനം അതിന്റെ സാക്ഷ്യപത്രമാണ്. ഇസ്‌ലാമോഫോബിയ, ഇസ് ലാമിക തീവ്രവാദം എന്നീ രണ്ട് രോഗങ്ങള്‍ക്കുള്ള മരുന്നായി പ്രവാചകന്റെ ധാരണാപത്രങ്ങളെ ഉപയോഗിക്കാന്‍ സാധിക്കും. ഐ.എസ്സും, ഐ.എസ്സ് അനുകൂലികളും പ്രവാചകന്റെ ആഹ്വാനം ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിവ: ഇര്‍ഷാദ് കാളാചാല്‍

Published by

drjamorrow

Dr. John Andrew Morrow is a senior scholar specializing in Islamic, Indigenous, and Hispanic Studies.